പാലത്തില്‍നിന്ന് ചാലിയാറില്‍ ചാടിയ ആളെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരും


ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയപാലത്തിനു മുകളില്‍നിന്ന് ചാലിയാറിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. വ്യാഴാഴ്ച പകല്‍ നാലോടെയാണ് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടതായി ഫറോക്ക് പൊലീസില്‍ വിവരം ലഭിച്ചത്. പുഴയില്‍ തോണിയില്‍ മീന്‍ പിടിത്തത്തിലേര്‍പ്പെട്ടിരുന്നവരാണ് ദൃക്‌സാക്ഷികള്‍.

ഫറോക്ക് പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും രാത്രി എട്ടുവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും ഇ ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക മുങ്ങല്‍ വിദഗ്ധരുള്‍പ്പെട്ട സ്‌കൂബാ ടീമും പുതിയപാലം മുതല്‍ പഴയപാലം വരെ ചാലിയാറില്‍ തെരച്ചില്‍ നടത്തി. ഫയര്‍ഫോഴ്‌സിന് കീഴിലെ സിവില്‍ ഡിഫന്‍സ് വിഭാഗവും സഹായത്തിനുണ്ടായി.

വെളിച്ചക്കുറവ് കാരണം താല്‍ക്കാലികമായി നിര്‍ത്തിയ തെരച്ചില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തുടരുമെന്ന് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വി വി റോബി വര്‍ഗീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടമാണ് ഫറോക്ക് പാലത്തില്‍ തമ്പടിച്ചത്. ഇതേ തുടര്‍ന്ന് ഗതാഗതത്തിനും ചെറിയ തടസ്സമുണ്ടായി. പൊലീസും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും ഗതാഗതം നിയന്ത്രിച്ചു.