പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ആഹ്ലാദപ്രകടനവുമായി പുൽക്കൊടിക്കൂട്ടം


പയ്യോളി: 35 കോടിരൂപയുടെ കുടിവെള്ള പദ്ധതി ലഭിച്ചതിൽ തീരദേശ നിവാസികളുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. വീട്ടമ്മമാരായിരുന്നു കൂടുതലും അണിനിരന്നത്.

വർഷങ്ങളായി മഞ്ഞവെള്ളം കുടിക്കാൻ നിർബന്ധിതരായ തീരദേശവാസികൾ നടത്തിയ നിരന്തരസമരത്തിന്റെ ഫലമായാണ് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്ന കുടിവെള്ളപദ്ധതി പ്രഖ്യാപിക്കിച്ചത്. കെ.ദാസൻ എം.എൽ.എ യാണ് ജനങ്ങളുടെ ആവശ്യം സഫലമാക്കുന്ന നടപടികൾ സ്വീകരിച്ചത്. പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു.

നഗരസഭയിലെ 17 ഡിവിഷനുകളിൽ ശുദ്ധജലമെത്തും. പയ്യോളി കടപ്പുറത്തുനിന്ന് തുടങ്ങിയ പ്രകടനം ടൗൺചുറ്റി ബീച്ച് റോഡിൽ സമാപിച്ചു. എം.സമദ് അധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്, നിഷിത് മരച്ചാലിൽ, ശ്രീകല ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. അംബിക ഗിരിവാസൻ, ഗീത പ്രകാശൻ, ചാലിൽ മോളി, കാഞ്ഞിരോളി നിസാർ, സി.പവിത്രൻ, ടി.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.