പയ്യോളി കോട്ടക്കടപ്പുറത്ത് കടലാക്രമണം രൂക്ഷം; ആശങ്കയോടെ പ്രദേശവാസികൾ
പയ്യോളി: കനത്ത മഴ തുടരുന്നതിനിടയിൽ കോട്ടക്കടപ്പുറം തീരത്ത് വൻ കടലാക്രമണം. 20 തെങ്ങുകൾ ഏതുസമയത്തും കടലെടുക്കുമെന്ന സ്ഥിതിയാണ്. നാലു തെങ്ങുകൾ കടപുഴകി വീണു. സമീപത്തെ വീടുകളിലും വെള്ളം കയറുമെന്ന ഭീഷണിയിലാണ്. കോട്ടക്കടപ്പുറത്ത് അഴിമുഖത്തിന് തെക്കുഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ 500 മീറ്റർ ദൂരത്ത് കടൽഭിത്തി നേരത്തേ മണലിൽ താഴ്ന്നുപോയിരുന്നു. ഇതാണ് കര കടലെടുക്കാൻ കാരണം.
നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഇന്നലെ വിവരം കളക്ടറെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് ആർ.ഡി.ഒ. എൻ.ഐ.ഷാജു, അഡീഷണൽ തഹസിൽദാർ ടി.കെ. മോഹനൻ, വില്ലേജ് ഓഫീസർ പി.കെ. അനിത എന്നിവർ സ്ഥലത്തെത്തി. നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്, നിഷ ഗിരീഷ്, പി.എം. ഹരിദാസ്, പി.എം. റിയാസ്, പൊതുപ്രവർത്തകരായ എം.ടി. സുരേഷ് ബാബു, സബീഷ് കുന്നങ്ങോത്ത് എന്നിവരും ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. 20 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.