സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടയ്ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ സ്കൂളിൽ തന്നെ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടയ്‌ക്കേണ്ടതിലെന്ന് സര്‍ക്കാര്‍. മുന്‍നിശ്ചയിച്ച പ്രകാരം ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളാണ് ഓണ്‍ലൈനിലേക്ക് മാറുക. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കുളുകളിലെ ക്ലാസുകള്‍ തുടരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്.

കോവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നിരുന്നു. നേരത്തെ ജനുവരി 21 മുതലാണ് ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടി.പി.ആറും കോവിഡ് കേസുകളും ഉയരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് തീരുമാനമായി. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. മാളുകളും തീയറ്ററുകളും പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട , വയനാട് ജില്ലകളില്‍ നിയന്ത്രണമേറും. പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തും. സ്വകാര്യചടങ്ങില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. തിയറ്റര്‍, ബാര്‍ നിയന്ത്രണം കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പൊതുസ്വകാര്യ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. മറ്റു ജില്ലകളില്‍ കലക്ടര്‍മാര്‍ക്ക് നിയന്ത്രണം തീരുമാനിക്കാം