പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം: കൂരാച്ചുണ്ട് പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം


കൂരാച്ചുണ്ട്: പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം തുടരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തു വന്നു. കൂരാച്ചുണ്ട് കാളങ്ങാലി കോഴിഫാമിലെ 300 ന് മീതെ കോഴികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉത്തരവാദിത്തം നിറവേറ്റാതെ നിസംഗത തുടരുന്ന പഞ്ചായത്തിന്റെ നിലപാട് തിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

ഇറച്ചി കടകളില്‍ ചത്ത കോഴികളെ വില്‍പ്പന നടത്തിയെന്ന ആരോപണത്തിന്റെ ഗൗരവം മനസ്സിലാക്കി ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ജില്ലാ കലക്ടര്‍ കൂരാട്ടുണ്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാത്തതും ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതും സംശയകരമാണ്.

രോഗവ്യാപന സംശയം നിലനില്‍ക്കെ 300 കോഴികള്‍ ചത്തൊടുങ്ങിയിട്ടും അടിയന്തിര ഇടപെടലുകള്‍ നടത്താനോ രോഗം ബാധിച്ച് ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്‌കരിക്കാനോ തയ്യാറാകാത്ത കൂരാച്ചുണ്ട് വെറ്റിനറി ഡോക്ടറുടെ നിലപാട് ശരിയല്ല. തെറ്റ് തിരുത്തി അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ഡോക്ടര്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.