നൊച്ചാടിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ. ചെക്കോട്ടിയേട്ടനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയൂരിലെത്തി


പേരാമ്പ്ര: നൊച്ചാടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എം.കെ. ചെക്കോട്ടിയേട്ടനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഭാര്യാസമേതമാണ് ചെക്കോട്ടിയേട്ടനെ കാണാനായി മുഖ്യമന്ത്രി വെള്ളിയുരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കുറച്ച് സമയം ചെക്കോട്ടിയേട്ടനൊപ്പം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

 

നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറ പാകിയ വ്യക്തിത്വമാണ് എം.കെ. ചെക്കോട്ടിയേട്ടന്‍. ഇരുപത് വര്‍ഷത്തിന് മുകളില്‍ നൊച്ചാട് ലോക്കല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സിനു മുകളില്‍ പ്രായമുണ്ടെങ്കിലും പാര്‍ട്ടിയുടെ എല്ലാ പരിപാടിയിലും മുന്‍നിരയില്‍ അദ്ദേഹം കാണുമായിരുന്നു. പേരാമ്പ്ര ഏരിയകമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നൊച്ചാടെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് എം.കെ. ചെക്കോട്ടിയേട്ടനെങ്കിലും അധികാരസ്ഥാനങ്ങള്‍ അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നില്ല. രണ്ട് പതിറ്റാണ്ട് കാലം നൊച്ചാടെ പാര്‍ട്ടിയുടെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പോലും ഒരു വാര്‍ഡ് മെമ്പര്‍പോലും ആകാന്‍ ചെക്കോട്ടിയേട്ടന്‍ താത്പര്യം കാട്ടിയിരുന്നില്ല. അധികാര സ്ഥാനങ്ങളേക്കാള്‍ പാര്‍ട്ടിയെയാണ് അദ്ദേഹം നെഞ്ചോട് ചേര്‍ത്തത്. നൊച്ചാട് നടന്ന കുളി സമരത്തിനും, കുടിപ്പിടവകാശ സമരങ്ങള്‍ക്കും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു.

നൊച്ചാട് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയിരുന്നെങ്കിലും എന്താവശ്യം പറഞ്ഞ് ആരു വന്നാലും അവരെ സഹായിക്കാന്‍ ചെക്കോട്ടിയേട്ടന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ വീഴ്ചയില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ആശുപത്രിവാസം കഴിഞ്ഞെത്തിയ ചെക്കോട്ടി ഏട്ടനെ കാണാനാണ് മുഖ്യമന്ത്രി ഭാര്യയ്‌ക്കൊപ്പം വെള്ളിയൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.