നീന്തല്‍ പഠിച്ചവര്‍ക്ക് മാത്രം പ്രവേശനം, വഴിയിലാകെ തോളറ്റം വെള്ളം, അകത്ത് ഇഴജന്തുക്കളുള്ളതിനാല്‍ ജാഗ്രത പാലിക്കുക; മഴക്കാലമായാല്‍ പേരാമ്പ്ര കൃഷിഭവനില്‍ ഇങ്ങനെയൊരു ബോര്‍ഡ് വെക്കാം, അധികൃതരുടെ ശ്രദ്ധയ്ക്ക്
പേരാമ്പ്ര: നാശത്തിന്റെ വക്കില്‍ പേരാമ്പ്ര കൃഷിഭവന്‍. കനത്ത മഴയില്‍ വെള്ളത്തില്‍ നീന്തി വേണം കൃഷിഭവനിലെത്താന്‍. കെട്ടിടത്തിനുള്ളില്‍ വരെ വെള്ളം കയറുന്നത് പതിവു കാഴ്ചയാണ്.
മേല്‍ക്കൂര ചോരുന്നതിനാല്‍ ഓഫീസിന്റെ ചുമരുകളൊക്കെ മഴയത്ത് നനഞ്ഞുകുതിര്‍ന്ന നിലയിലാണ്. ചുമരിനോടുചേര്‍ന്ന് നിര്‍മിച്ച അലമാരയിലും ചിതല്‍ കയറുന്നതിനാല്‍ ഫയലുകളൊന്നും സൂക്ഷിക്കാനാകില്ല. കെട്ടിടത്തിന്റെ തറയിലെ കോണ്‍ക്രീറ്റ് പകിതിയിലേറെ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടു.
പേരാമ്പ്ര സീഡ് ഫാമിനോടുചേര്‍ന്നുള്ള സ്ഥലത്താണ് കൃഷിഭവന്‍ സ്ഥിതി ചെയ്യുന്നത്. നേരത്തേ ഫാമിന്റെ ക്വാര്‍ട്ടേഴ്സായി പ്രവര്‍ത്തിച്ചിരുന്ന 25 വര്‍ഷംമുമ്പ് നിര്‍മിച്ച കെട്ടിടമാണിത്. ഇതിനടുത്തുണ്ടായിരുന്ന പഴയ ക്വാര്‍ട്ടേഴ്സുകളൊക്കെ കാലപ്പഴക്കം പരിഗണിച്ച് നേരത്തേ പൊളിച്ചുമാറ്റിയിട്ടുമുണ്ട്. കെട്ടിടത്തിന്റെ മുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റിട്ടിട്ടുണ്ടെങ്കിലും ചോര്‍ച്ചയ്ക്ക് പരിഹാരമൊന്നുമില്ല. കൃഷിഫാമിന് നടുവിലൂടെ കൃഷിഭവന് സമീപത്തുകൂടിയാണ് മരക്കാടിതോട് കടന്നുപോകുന്നത്. മഴക്കാലത്ത് തോട് നിറഞ്ഞൊഴുകുമ്പോള്‍ കെട്ടിത്തിന് സമീപഭാഗമൊക്കെ വെള്ളത്തില്‍ മുങ്ങും. സമീപത്ത് കാടുപിടിച്ചുകിടക്കുന്ന ഭാഗത്തുനിന്ന് ഇഴജന്തുക്കളും ഇടയ്ക്ക് കൃഷിഭവന്റെ ഉള്ളിലെത്താറുണ്ട്. പേരാമ്പ്ര ടൗണില്‍നിന്ന് ഒരുകിലോമീറ്ററോളം അകലെ ചാനിയംകടവ് റോഡ് ഭാഗത്താണ് കൃഷിഭവനുള്ളത്. അധികൃതര്‍ മൗനം പാലിക്കുന്നത് നിര്‍ത്തണമെന്നും പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നുമാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.