നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണ്ടേ; വോട്ട് ചേർക്കാൻ ഇന്നുകൂടി അവസരം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി (മാര്‍ച്ച് 9) അവസരം. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് മുഴുവന്‍ യുവാക്കളും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.
ഇലക്ഷന്‍ കമ്മിഷന്‍ തയ്യാറാക്കിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാവുന്നതാണ്. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയുടെ പത്ത് ദിവസം മുന്‍പ് വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 19 വരെയാണ്.
നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് ഇത് വഴി പുതിയ വോട്ടര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഫോട്ടോ, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖയും സമര്‍പ്പിക്കണം.
പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും www.voterportal.eci.gov.in സന്ദര്‍ശിക്കാം. വോട്ടര്‍ ഹെല്‍പ്ലൈന്‍ മൊബൈല്‍ ആപ് വഴിയും പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് www.ceo.kerala.gov.in വെബ്സൈറ്റ് വഴി പരിശോധിക്കാം. 2021 ജനുവരി ഒന്നിനോ, മുന്‍പോ 18 വയസ്സു തികയുന്നവര്‍ക്കു പേരു ചേര്‍ക്കാം.