നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമ്പൂർണ്ണ ലോക്ഡൗണെന്ന് കളക്ടർ


കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കളക്ടർ എസ്.സാംബശിവറാവു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി.

കോവിഡ് രോഗികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനയാണ് കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ഉണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പൂർണ ലോക്‌ഡൗണിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കി കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.

കൺടെയ്ൻമെന്റ് സോണുകളിൽ സാധാരണജീവിതം നയിക്കുന്നതിന് വേണ്ട അവശ്യസൗകര്യങ്ങൾക്കും തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കും അനുമതി ഉണ്ടാവും. ആരാധനാലയങ്ങൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല.

ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന വാർഡുകൾ അടച്ചിടും. ഇവിടങ്ങളിൽനിന്ന് മറ്റു വാർഡുകളിലേക്ക് യാത്ര അനുവദനീയമല്ല. ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മാത്രമേ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുമതി ഉണ്ടാകൂ. ചടങ്ങുകൾ നടത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.