നിപ വൈറസ്: കോഴിക്കോട് നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി


കോഴിക്കോട്: കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്താനിരുന്ന പ്രായോഗിക പരീക്ഷകള്‍ മാറ്റി. നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.

കൂടാതെ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ 10 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും അഭിമുഖവും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും.

അതേസമയം കൊല്ലം, എറണാകുളം മേഖലാ ഓഫീസുകളില്‍ നടത്താനിരുന്ന ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.