നാളെയാണ് വോട്ടെണ്ണല്‍; കേരളത്തിന്റെ കാറ്റെങ്ങോട്ട്? വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?


തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഒരു ദിവസം കൂടി. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് നാളെ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍

*രാവിലെ അഞ്ചുമണിക്ക് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും.

*വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആറിന് കൗണ്ടിംഗ് സെന്ററില്‍ എത്തും. *ഉദ്യോഗസ്ഥരുടെ ഹാജര്‍നില ഉറപ്പാക്കി ഓരോ ജോലിക്കുമായി റാെൈന്‍ഡമെസേഷന്‍ നടത്തും.

*എട്ടു മണിക്ക് ടേബിളുകളില്‍ എത്തിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുറക്കും.

*500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.

*പോസ്റ്റല്‍ വോട്ട് എണ്ണിയതിനുശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം തുറക്കും. *കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഡയറിയായ 17 സി ഫോമും വോട്ടെണ്ണല്‍ ടേബിളില്‍ എത്തിക്കും. ഇവ സീല്‍ ചെയ്തതു തന്നെയാണെന്ന് കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉറപ്പു വരുത്തും.

*കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോമില്‍ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പു വരുത്തും. ഇതിനു ശേഷമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ടുകള്‍ പരിശോധിക്കുക. ഇത് സൂപ്പര്‍വൈസര്‍മാര്‍ ഫോമിന്റെ രണ്ടാം പാര്‍ട്ടില്‍ എഴുതിച്ചേര്‍ക്കും.

*മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും കൗണ്ടിംഗ് ഏജന്റിന്റെയും സാന്നിധ്യം ഉണ്ടാകും.

*ഫോമില്‍ കൗണ്ടിംഗ് ഏജന്റുമാര്‍ സാക്ഷിയായി ഒപ്പു ചേര്‍ക്കും. ഇതിന്റെ കോപ്പി വരണാധികാരിക്ക് കൈമാറും.

*ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കണ്‍ട്രോള്‍ യൂണിറ്റും പരിശോധിച്ചു കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂര്‍ത്തിയാകുന്നത്.

*മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും.

*പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും പൂര്‍ത്തിയായി കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.