നാദാപുരത്ത് വീപ്പയിലെ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം


നാദാപുരം: നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനകത്തെ വെള്ളം നിറഞ്ഞ പ്ലാസ്റ്റിക്ക് വീപ്പയില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. അരൂണ്ടയിലെ ടെലിവിഷന്‍ റിപ്പേറിംഗ് ജോലിക്കാരനായ ഷാപ്പ് കെട്ടിയ പറമ്പത്ത് ബിജുവിന്റെ മകള്‍ മൊഴി ജെ ബിജു വാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അച്ഛന്‍ ബിജുവിനൊപ്പം മോട്ടോര്‍ ബൈക്കില്‍ സമീപത്തെ കടയില്‍ എത്തി കുട്ടി മിഠായി വാങ്ങിയിരുന്നു. ഇതിന് ശേഷം കുട്ടിയെ വീട്ടിന് മുന്‍വശം ഇറക്കി ബിജു ജോലിക്ക് പോയി. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളം നിറഞ്ഞ വീപ്പയില്‍ കുട്ടിയെ കണ്ടത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുതായി നിര്‍മ്മിക്കുന്ന വീടിന് അകത്തുണ്ടായിരുന്ന വീപ്പയിലേക്ക് കോവണിപ്പടി വഴി കയറി എത്തി നോക്കുമ്പോഴാണ് അപകടം എന്നാണ് കരുതുന്നത്. മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അമ്മ: ജ്യോതിര്‍ഷന. സഹോദരി: മിന്ദ്ര ജെ ബിജു.