നാദാപുരത്ത് കിണർവെള്ളത്തിന് നീലനിറം; ആശങ്കയോടെ വീട്ടുകാർ


നാദാപുരം: വീട്ടിലെ കിണറിൽ വെള്ളത്തിന് നീലനിറം. പയന്തോങ്ങ് ഹെൽത്ത് സെന്ററിന് സമീപം മനോളി സുരേഷിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിലാണ് നിറവ്യത്യാസമുണ്ടായത്. രാവിലെ കിണറിൽനിന്നും വെള്ളമെടുക്കുമ്പോഴാണ് നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. കിണറിന് ഏകദേശം 12 മീറ്റർ ആഴമുണ്ട്. നാലു മീറ്ററിൽ വെള്ളമുണ്ട്.

നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, വാർഡ് മെമ്പർ എ. ദിലീപ്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി കിണർ പരിശോധിച്ചു. വെള്ളം രാസപരിശോധനയ്ക്ക് അയച്ചതായും രണ്ടുദിവസത്തിനകം ഫലം വരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു അറിയിച്ചു.