നാദാപുരത്ത് ഇ.കെ.വിജയന് ഒരവസരം കൂടി നൽകി സി.പി.ഐ ജില്ലാകമ്മറ്റി


കോഴിക്കോട്: നാദാപുരം മണ്ഡലത്തിൽ സ്ഥാനാർഥിയായി നിലവിലുള്ള എം.എൽ.എ ഇ.കെ.വിജയന്റെ പേര് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവും ജില്ലാകമ്മിറ്റിയും ഐക കണ്ഠ്യേന അംഗീകരിച്ചു. നാദാപുരം മണ്ഡലം കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തിന്റെ പേരുതന്നെയാണ് നിർദേശിച്ചത്.

സംസ്ഥാന നിർവാഹക സമിതി അംഗം സി.എൻ.ചന്ദ്രൻ, ജില്ലാസെക്രട്ടറി ടി.വി.ബാലൻ, ജില്ലാപഞ്ചായത്തംഗവും എ.ഐ.വൈ.എഫ്. സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായ പി.ഗവാസ് എന്നിവരുടെ പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഒടുവിൽ ഇ.കെ.വിജയന്റെ പേരുതന്നെ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.

കൊയിലാണ്ടി കൊല്ലം സ്വദേശിയാണ് ഇ.കെ.വിജയൻ. കഴിഞ്ഞ രണ്ടു തവണകളിലായി എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും, ജനകീയ ഇടപെടലുകളും വലിയ സ്വീകാര്യതയാണ് നൽകിയിട്ടുള്ളത്. സിപിഎം ഉം വിജയൻ തന്നെ വീണ്ടും മത്സരിക്കുന്നതിനോട് താൽപര്യമറിയിച്ചതായാണ് അറിവ്.