നാദാപുരത്ത് ഇത്തവണയും കൊയിലാണ്ടിക്കാർ തമ്മിലുള്ള പോരാട്ടത്തിന് സാധ്യത


നാദാപുരം: എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന നാദാപുരത്ത് ഇത്തവണയും കൊയിലാണ്ടിക്കാർ തമ്മിലുള്ള മത്സരത്തിന് സാധ്യത തെളിയുന്നു. സിറ്റിംഗ്‌ എം.എൽ.എ ഇ.കെ.വിജയന് മൂന്നാം ഊഴം ലഭിക്കാനാണ് നിലവിലെ സാധ്യത.
ഇ.കെ.വിജയന്റെ ലാളിത്യവും, മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും തുണയാവും എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ.

സി.പി.ഐ യിൽ മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കട്ടെ എന്ന തീരുമാനം വന്നതോടെയാണ് ഇ.കെ.വിജയന് മൂന്നാം ഊഴം ലഭിക്കുമോയെന്ന ചർച്ച സജീവമായത്. വിജയ സാധ്യത പരിഗണിച്ച് വിജയന് ഒരഅവസരം കൂടി നൽകും. നേരത്തേ മത്സരിച്ച സത്യൻ മൊകേരി മൂന്നുതവണ നാദാപുരത്തിന്റെ ജനപ്രതിനിധിയായിട്ടുണ്ട്.

തുടർഭരണം ലഭിച്ചാൽ നാദാപുരത്തിന് ഒരു മന്ത്രികൂടി ലഭിക്കുമെന്നും എൽ.ഡി.എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ട്. പതിവിൽനിന്ന്‌ വ്യത്യസ്തമായി ഇ.കെ.വിജയൻതന്നെ വരട്ടെ എന്ന നിലപാടാണ് സി.പി.എം കേന്ദ്രങ്ങൾക്കുമുളളത്. നാദാപുരം നിലനിർത്തുകയെന്നത് സി.പി.എമ്മിന്റെയും അഭിമാനപോരാട്ടമാണ്.

കൊയിലാണ്ടി കൊല്ലം സ്വദേശിയാണ് ഇ.കെ.വിജയൻ. സഹോദരൻ ഇ.കെ.അജിത് കൊയിലാണ്ടി നഗരസഭ മരാമത്ത് സ്ഥിരം സമിതി ചെയർമാനാണ്.

യു.ഡി.എഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.പ്രവീൺകുമാറാണ് യു.ഡി.എഫിന്റെ സ്ഥാനാർഥിയെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ കൈവിട്ട വിജയം ഇത്തവണ തിരിച്ച് പിടിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയത്തിനായി കൊണ്ടുപിടിച്ച പ്രചാരണം യൂത്ത് ലീഗ് ആരംഭിച്ചിട്ടുണ്ട്.

കൊയിലാണ്ടി കീഴരിയൂർ സ്വദേശിയാണ് പ്രവീൺ കുമാർ.