നഗരത്തിലെ കവർച്ചാ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മൊബൈൽ കവർച്ച സംഘം പോലീസ് പിടിയിൽ. പോലീസ് അന്വേഷിച്ചു വരികയായിരുന്ന മൊബൈൽ കവർച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

തലശ്ശേരി ചക്കും കുനിയിൽ റെനീഷ് 34 വയസ്സ്, പയ്യന്നൂർ കാമ്പുറത്ത് സുമേഷ് 38 വയസ്സ്, കാസർഗോഡ് പുത്തൻപുരയിൽ രാജേഷ് 35 വയസ്സ്, വെള്ളയിൽ തൊടിയിൽ അമൃതേഷ് 29 വയസ്സ്, കൽപ്പറ്റ ജാൻ വർഗ്ഗീസ് കോളനിയിൽ ബാബു 37 വയസ്സ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.എസ്.ആർ.ടിസി ബസ്സ് സ്റ്റാൻ്റിൽ ബസ്കാത്തു നിന്നയാളുമായി പരിചയം നടിച്ച് അടുത്തുകൂടിയ സംഘം ഇയാളുടെ പേഴ്സും മൊബൈൽ ഫോണും പിടിച്ചുപറിച്ചു കൊണ്ടു ഓടി പോവുകയായിരുന്നു. സംഭവം അറിഞ്ഞ് കസബ പോലീസ് സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.

കഴിഞ്ഞ ദിവസം പിടിച്ചുപറിച്ച മൊബൈൽ ഫോണുമായി കവർച്ച സംഘം ആളൊഴിഞ്ഞ സമയം നോക്കി ഗൾഫ് ബസാറിൽ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ സമീപത്ത് ഉണ്ടായിരുന്ന ആളുകളെ വിവരം അറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയും കവർച്ച നടത്തിയ മൊബൈൽ ഫോൺ സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, ശ്രീജിത്ത്, കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീജേഷ്, സന്തോഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു