ദേശീയ അവാർഡ് തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിന് നൽകി പത്താം ക്ലാസ്സുകാരൻ അദ്വൈത് മാതൃകയായി


പയ്യോളി: നൂതന ആശയങ്ങൾ അവതരിപ്പിച്ചതിന് ദേശീയ അവാർഡ് ജേതാവായ പത്താം ക്ലാസുകാരൻ അവാർഡിനൊപ്പം ലഭിച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവനയായി നൽകി. ചിങ്ങപുരം സി.കെ.ജി ഹയർസെക്കന്റെറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കെ.അദ്വൈത് ആണ് സമ്മാനത്തുകയായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്.

കാർഷിക മേഖലയിൽ നൂതന ആശയം അവതരിപ്പിച്ചതിനാണ് നേഷണൽ ഇന്നൊവേഷൻ ഫൗണ്ടെഷനും (NIF), ദേശീയ ശാസ്ത്ര സാങ്കേതിക വകപ്പും ചേർന്നാണ് അദ്വൈതിനെ ഇൻസ്പയർ അവർഡിന് തിരഞ്ഞെടുത്തത്. അവാർഡ് വിവരം അറിഞ്ഞപ്പോൾ തന്നെ അവാർഡ് തുക കോവിഡ് പ്രവർത്തങ്ങൾക്ക് സംഭാവനയായി നൽകാൻ അദ്വൈത് താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
തുടർന്ന് നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലക്ക് തുക കൈമാറി.

കാർഷിക മേഖലയിൽ അഞ്ച് തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മൾട്ടി പർപ്പസ് വെഹിക്കിൾ നിർമ്മിച്ച് ശ്രദ്ധേയനായ വിദ്യാർഥിയാണ് അദ്വൈത്. ഈ കണ്ടുപിടിത്തത്തെ തുടർന്ന് കേരള ഡെവലപ്മന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൻസിലിൻ അദ്വൈതിന് അംഗത്വം ലഭിക്കുകയും മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. സി.കെ.ജി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും കോൺഗ്രസ്സ് തിക്കോടി മണ്ഡലം പ്രസിഡന്റുമായ രാജീവൻ കൊടലൂരിന്റെയും ഇതേ സ്കൂളിലെ അധ്യാപികയായ ജയന്തിയുടെയും മകനാണ് അദ്വൈത്.

പുറക്കാട് എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനി അഥീന സഹോദരിയാണ്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്,
വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, ജയകൃഷ്ണ്ണൻ ചെറുകുറ്റി, ലിനീഷ് തട്ടാരി, ഫൈസൽ കണ്ണോത്ത്, സുകുമാരൻ കോടൂർതാഴ തുടങ്ങിയവർ പങ്കെടുത്തു.