തിരുവനന്തപുരത്ത് കുത്തേറ്റ് മരിച്ച യുവതിയുടെ ശരീരത്തില്‍ 34 മുറിവുകൾ; പ്രതി അരുണിന് എതിരെ നിരവധി കേസുകളെന്ന് പൊലീസ്


തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ. ഇൻക്വസ്റ്റിലാണ് മുറിവുകൾ വ്യക്തമായത്. പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകൾ ഉണ്ടന്ന് പൊലീസ് പറഞ്ഞു.

നെടുമങ്ങാട് വാണ്ടയിൽ വാടയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെ ഇന്നലെയാണ് വീട്ടിൽ കയറി അരുൺ കുത്തിയത്. മാരകമായി പരിക്കേറ്റ സൂര്യഗായത്രി ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.ആക്രമണത്തില്‍ സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ അമ്മക്കും പരിക്കേറ്റിരുന്നു.

മുച്ചക്രവാഹനത്തിൽ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന അമ്മയ്ക്കൊപ്പം സഹായത്തിന് സൂര്യഗായത്രിയും പോകുമായിരുന്നു. ഇവിടെവെച്ചാണ് അരുണിനെ പരിചയപ്പെടുന്നത്. വിവാഹ അഭ്യ‍ർത്ഥന നിരസിച്ചതിന് അരുൺ നിരന്തരം ശല്യം ചെയ്തിരുന്നതായി അമ്മ പറഞ്ഞു.

നേരത്തെ അരുൺ സൂര്യഗായത്രിയെ വഴിയിൽ തടഞ്ഞ് നിർത്തി മൊബൈൽ ഫോണ്‍ തട്ടിയെടുത്തതിന് ആര്യനാട് പൊലീസിൽ കേസ് നൽകിയിരുന്നു. അന്ന് പൊലീസ് താക്കീത് നൽകി അരുണിനെ വിട്ടയക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ ഭർത്താവുമായി പിണങ്ങിയ സൂര്യഗായത്രി ആറു മാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. മൂന്നു വ‍ഷത്തിന് ശേഷമാണ് അരുണിനെ കാണുന്നതെന്ന് സൂര്യഗായത്രിയുടെ രക്ഷിതാക്കള്‍ പറയുന്നു. രക്ഷപ്പെടുന്നതിനിടെ അരുണിനെ ഇന്നലെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറിയിരുന്നു.