തിരഞ്ഞെടുപ്പ് പത്രികാസമർപ്പണം നാളെമുതൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക വെള്ളിയാഴ്ചമുതൽ സ്വീകരിക്കും. 19 ആണ് അവസാനതീയതി. 20-ന് സൂക്ഷ്മപരിശോധന നടക്കും. 22 ആണ് പിൻവലിക്കാനുള്ള അവസാന തീയതി.
പത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ (//suvidha.eci.gov.in) വെബ്‌സൈറ്റ് വഴി സ്ഥാനാർഥികൾക്ക് ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം. ഓൺലൈനായി പത്രിക നൽകുന്നവർ ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം.
സ്ഥാനാർഥി കെട്ടിവെക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാം. റിട്ടേണിങ് ഓഫീസറുടെ മുറിയിൽ പത്രികാസമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ തുടങ്ങിയ പ്രക്രിയകൾ സാമൂഹിക അകലം പാലിച്ച് ചെയ്യുവാൻ സ്ഥലസൗകര്യം ഉണ്ടായിരിക്കും.
സ്ഥാനാർഥിക്ക് കാത്തിരിക്കുന്നതിനായി ഇടംക്രമീകരിക്കും. സ്ഥാനാർഥിയും കൂടെവരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ആവശ്യത്തിന് സാനിറ്റൈസർ ലഭ്യമാക്കണം.