തസ്‌കരന്‍മാര്‍ നാടു വാഴുന്നു; തുമ്പുണ്ടാക്കാനാകാതെ പോലീസ്


പയ്യോളി: തസ്‌കര ഭീതിയില്‍ പയ്യോളി നഗരവും പരിസരപ്രദേശങ്ങളും. ജനങ്ങള്‍ ഭയാശങ്കയില്‍. ഇരിങ്ങല്‍ , പടിക്കല്‍ പാറ , കളരിപ്പടി എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ സാന്നിധ്യമുള്ളതായി പരാതിയുള്ളത്. തുമ്പുണ്ടാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.

കഴിഞ്ഞ മാസം പയ്യോളിയുടെ പരിസര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്നു പണം കവരുകയായിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

പ്രദേശത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് കള്ളന്മാര്‍ രംഗത്തിറങ്ങുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിനായി ഇക്കൂട്ടര്‍ നാട്ടിന്‍പുറത്തുള്‍പ്പെടെ വാടക വീടുകളിലും മറ്റും തങ്ങി പ്രദേശത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാണ് മോഷണത്തിനിറങ്ങുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. വലിയ രീതിയിലുള്ള മോഷണസംഘം പയ്യോളി മേഖലയില്‍ തമ്പടിച്ചതായും സംശയമുണ്ട്.

ഇതിന് സമാനമായ സംഭവം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വടകരയിലും, നാലഞ്ചു വര്‍ഷം മുന്‍പ് അറുവയിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയിരുന്നു. അന്ന്, നാട്ടുകാര്‍തന്നെ പ്രത്യേക സംഘങ്ങളായി ഉറക്കമൊഴിഞ്ഞ് മോഷ്ടാക്കളെ പിടികൂടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പൊലീസിന്റെ രാത്രികാല പരിശോധന സജീവമായതോടെയാണ് ഇവിടെ നിന്നും കള്ളന്മാര്‍ ഒഴിഞ്ഞുപോയത്. കുറച്ച് കാലമായി പൊലീസ് പൂര്‍ണമായും നിഷ്‌ക്രിയമാണെന്നാണ് ആക്ഷേപം.

ഇതു തെളിയിക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍. കഴിഞ്ഞ മാസം അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. പുലര്‍ച്ചെ ക്ഷേത്രം തുറന്നു വിളക്ക് കത്തിക്കാന്‍ പൂജാരി വന്നപ്പോഴാണ് മോഷണം വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിലെ വാതിലും ഭണ്ഡാരവും തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. സംഭവത്തെ തുടര്‍ന്ന് പയ്യോളി പോലീസുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

ജനുവരി 16 നാണ് സമീപത്തെ കളരിപ്പടി ക്ഷേത്രത്തിലും ദേശീയപാതയിലെ കേറോത്ത് ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയത്. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കോറോത്ത് ക്ഷേത്രത്തിന്റെ സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും മോഷണം നടത്തിയ ആളുടേതെന്ന് കരുതുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

മോഷണം പിടിമുറിക്കിയതോടെ പ്രദേശത്തെ ഒരു കൂട്ടം യുവാക്കള്‍ ഉറക്കമൊഴിഞ്ഞ് മോഷ്ടാക്കളെ പിടികൂടാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായി യുവാക്കള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കാര്യങ്ങള്‍ അപ്പപ്പോള്‍ കൈമാറുന്നുണ്ടെങ്കിലും മോഷണം നിലക്കാത്ത അവസ്ഥയാണ്. കള്ളനെ പിടികൂടാന്‍ ജാഗരൂകരായി ഉറക്കമൊഴിഞ്ഞും പകല്‍ സമയങ്ങളില്‍ പൊന്ത കാടുകളും ആളൊഴിഞ്ഞ വീടുകളും മറ്റും പരിശോധന നടത്തുകയാണ് പ്രദേശത്തെ യുവാക്കള്‍. കള്ളന്മാര്‍ പെരുകുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക