തകർന്നത് കുട്ടികർഷകന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്, കാട്ടുപന്നിക്കൂട്ടം ചക്കിട്ടപ്പാറയിലെ ജോയലിന്റെ കപ്പത്തോട്ടം നശിപ്പിച്ചു


പേരാമ്പ്ര: പഠനത്തോടൊപ്പം കൃഷിയെയും സ്‌നേഹിച്ച ചക്കിട്ടപാറ സ്വദേശി ജോയലിന്റെ സ്വപ്‌നങ്ങളാണ് ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നിക്കൂട്ടം തകര്‍ത്തെറിഞ്ഞ്. വിളവെടുക്കാനായ കപ്പയാണ് പന്നിക്കൂട്ടം കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. പ്രതിക്ഷയോടെ പരിപാലിച്ച് കൊണ്ടുവന്ന കൃഷി നശിപ്പിച്ചതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ധര്‍മ്മ സങ്കടത്തിലാണ് ജോയല്‍.

ചക്കിട്ടപാറയിലെ നരിനടയില്‍ എഴുത്താണിക്കുന്നേല്‍ ഷാജു – ഷിജി ദമ്പതികളുടെ മകനാണ് ജോയല്‍. കര്‍ഷക കുടുംബത്തില്‍ ജനിച്ച ജോയലിന് ചെറുപ്പം മുതലേ കൃഷിയോട് വലിയ താത്പര്യമായിരുന്നു. കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായതോടെ പഠന സമയം കഴിഞ്ഞുള്ള മുഴുവന്‍ സമയവും ഈ കുട്ടി കര്‍ഷകന്‍ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പാവല്‍ കൃഷിയും, മത്സ്യ കൃഷിയും നല്ല പോലെ പരിപാലിക്കുന്നതിനിടയിലാണ് കപ്പ കൃഷിയിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചത്. പറമ്പ് ചെത്തി വൃത്തിയാക്കി മണ്ണ് കൂട്ടി കപ്പതണ്ട് നട്ട് , അതിന്റെ വളര്‍ച്ചയില്‍ സന്തോഷവാനായി വിളവെടുക്കലെന്ന സ്വപ്നത്തിലേക്ക് അവന്‍ അടുത്തു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് ജോയലിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് കാട്ടുപന്നിക്കൂട്ടം വിളവെടുക്കാനായ കപ്പ മുഴുവനും നശിപ്പിച്ചു.

ജോയലിന്റെ മനസ്സിലെ സ്വപ്നം തകര്‍ത്ത കാട്ടുപ്പന്നികള്‍ മലയോര കര്‍ഷകന്റെ നാളെയുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കുന്നത്. ചക്കിട്ടപാറയിലും പരിസരത്തും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകര്‍ക്ക് മോചനം ലഭിച്ചില്ലെങ്കില്‍ ജോയലിനെ പോലുള്ള വളരുന്ന കര്‍ഷകര്‍ ഈ നാടിന് അന്യമാവും. കര്‍ഷകരുടെ കൃഷിയിടം സംരക്ഷിക്കാനുള്ള നടപടികള്‍ അധികാരികളില്‍ നിന്നും ഉണ്ടാവണം.