ട്രെയിനില്‍ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു, യുവതിയെ ആക്രമിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്


എറണാകുളം: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറിലാണ് സംഭവം ഉണ്ടായത്. രാവിലെ 10 മണിയോടെയാണു മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു ആക്രമണം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍ നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. കമ്പാര്ട്ട്‌മെന്റില്‍ ആരുമുണ്ടായിരുന്നില്ല. ആക്രമണം നടത്തിയ ആള്‍ കമ്ബാര്‍ട്ട്‌മെന്റിലെ വാതിലുകള്‍ അടച്ചശേഷം യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി.
മുളന്തുരുത്തി സ്റ്റേഷന്‍ വിട്ട ഉടന്‍ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു.

ഈ സമയം വാതില്‍ തുറന്ന് പുറത്തേക്കു ചാടാന്‍ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കുകയും കൈവിട്ട് താഴെ വീഴുകയും ചെയ്തു.റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.