ടൈപ്പിസ്റ്റ് ഷോര്‍ട് ലിസ്റ്റ് മാറ്റിയിറക്കി പി.എസ്.സി; കോഴിക്കോട് ജില്ലയിലെ കട്ടോഫില്‍ മാറ്റം, പുതുക്കിയ കട്ടോഫ് ഇങ്ങനെ


കോഴിക്കോട്: ആരോപണവിധേയമായ ചുരുക്കപ്പട്ടികകള്‍ ഒടുവില്‍ മാറ്റിയിറക്കി പി.എസ്.സി. ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ വന്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതിയവര്‍ക്കുള്ള കട്ട്ഓഫ് മാര്‍ക്ക് 0.1 ആയി പുറത്തിറക്കിയ ലിസ്റ്റിനെക്കുറിച്ചു മറ്റു ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണു പഴയ ചുരുക്കപ്പട്ടിക റദ്ദുചെയ്തു പുതിയ പട്ടിക പുറത്തിറക്കിയത്.

കണ്ണൂര്‍ ജില്ലയുടെ കട്ട്ഓഫ് മാര്‍ക്ക് 0.1ല്‍നിന്ന് 28.3675 ആക്കി. കോഴിക്കോട് ജില്ലയുടേത് 53.2785ല്‍നിന്ന് 24.5685 മാര്‍ക്ക് ആക്കി കുറച്ചു. നിലവില്‍ 3 ഒഴിവു മാത്രമാണു കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ ഒഴിവിലേക്കാണ് ഒരു മാര്‍ക്കിന്റെ പത്തിലൊരംശം മാത്രം കട്ട്ഓഫ് തീരുമാനിച്ചത്. ഒരു ചോദ്യത്തിനെങ്കിലും ശരിയുത്തരം നല്‍കിയവര്‍പോലും ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന സ്ഥിതിയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഏറ്റവുമധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയില്‍ 22 ഒഴിവുകളാണ് ഉള്ളത്.

തസ്തികയുടെ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച പ്രാഥമിക യോഗ്യതയുള്ളവരുടെ എണ്ണത്തില്‍ വന്ന കുറവാണു കണ്ണൂരില്‍ കട്ട്ഓഫ് മാര്‍ക്ക് കുറയാനുള്ള കാരണമെന്നാണു പിഎസ്സി അധികൃതര്‍ വിശദീകരിച്ചത്. തസ്തികയ്ക്ക് ആവശ്യമായ ടൈപ്പിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുടെ എണ്ണം വേണ്ടത്ര ഇല്ലാത്തതിനാലാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റായിരുന്നുവെന്നു പുതിയ പട്ടിക പുറത്തിറങ്ങിയതിലൂടെ തെളിഞ്ഞതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.