ടി.പി.ആർ പ്രകാരം പേരാമ്പ്ര പഞ്ചായത്ത് വരേണ്ടത് ബി കാറ്റഗറിയിൽ; എന്നാൽ ഉത്തരവ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, ജില്ലാ കലക്ടറെ ഉൾപ്പെടെ വിളിച്ചിട്ടും നടപടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്; പ്രതിഷേധം


പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ബി കാറ്റഗറിയിൽ ഉൾപ്പെടേണ്ട പേരാമ്പ്ര പഞ്ചായത്തിനെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധവുമായി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്.

ഇന്നലെ ജില്ല ഭരണകൂടം പുറത്തിറക്കിയ പട്ടിക പ്രകാരം പേരാമ്പ്രയിലെ കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി.അർ ശരാശരി 9.6 ശതമാനമാണ്. 10 ശതമാനത്തിൽ താഴെ ടി.പി.ആർ രേഖപ്പെടുത്തുന്ന പഞ്ചായത്തുകൾ ബി കാറ്റഗറിയിലാണ് ഉൾപ്പെടേണ്ടത്. എന്നാൽ ഇന്ന് ജില്ല ഭരണകൂടം പുറത്തിറക്കിയ സർക്കുലർ പ്രകാരം പേരാമ്പ്രയെ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്.

കഴിഞ്ഞ അഴ്ചകളിൽ മികച്ച പ്രതിരോധം തീർത്ത് ബി കാറ്റഗറിയിൽ നിന്ന പഞ്ചായത്തിൽ ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. കച്ചവടക്കാരെയാകും ഇത് കൂടുതൽ ബാധിക്കുക.

ഉത്തരവിൽ വന്ന പിശക് തിരുത്തി പേരാമ്പ്രയെ ടി.പി.ആർ പ്രകാരം ബി കാറ്റഗറിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജില്ല കളക്ടർ ഉൾപടെയുളള ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അനുകൂലമായല്ല പ്രതികരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ പരാമ്പ്രയിലെ പുതിയ നിയന്ത്രണങ്ങളും, അനുവദനീയമായ പ്രവര്‍ത്തനങ്ങളും നോക്കാം

1 – പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും, കമ്പനി കോര്‍പ്പറേഷന്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ വച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.


2 – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും, വാഹനങ്ങള്‍, റിപ്പയര്‍ ചെയ്യുന്നതുമായി, ബന്ധപ്പെട്ടകടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ 25%ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.


3 – ആവശ്യ ഔഷധ നിര്‍മ്മാണം, സാനിറ്ററി, വസ്തുക്കള്‍, ഓക്‌സിജന്‍, ആശുപത്രി ഉപകരണങ്ങള്‍, ആശുപത്രിയിലേക്കും ഫാര്‍മസികളിലേക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും നിര്‍മ്മാണ-വിതരണ യൂണിറ്റുകള്‍, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, കൃഷി ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ വലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാലിത്തീറ്റ, വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും തീറ്റകള്‍ വില്‍ക്കുന്ന കടകള്‍, കയറ്റുമതി യൂണിറ്റുകള്‍ പ്രതിരോധ മേഖലയിലേക്കും ശാസ്ത്ര സാങ്കേതിക മേഖലയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, എന്നിവയും ഇവയുടെ പാക്കിംഗിനാവശ്യമായ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും 25% ജീവനക്കാരെ വച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്.


4 – ചെറുകിട വ്യവസായ സംരംഭങ്ങളുടെ യൂണിറ്റുകള്‍ 25% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി.


5 – വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്സ്റ്റയില്‍സ്, ജുവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും, വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും, എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.


6 – ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ പാര്‍സല്‍ ഹോഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.


7 – അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം.


8 – കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്.