ടിപിആര്‍ പത്തിന് താഴൈ; അവലോകനയോഗം ഇന്ന്, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകള്‍ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഇതുണ്ടായില്ല.

30ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകള്‍ 25ല്‍ നിന്ന് 16 ആയിക്കുറഞ്ഞു. പൂര്‍ണമായും തുറന്ന സ്ഥലങ്ങളില്‍ ഇളവുകളുള്ളപ്പോഴും വ്യാപനം കൂടിയിട്ടുമില്ല. കൂടുതല്‍ സ്ഥലങ്ങള്‍ ഇളവുകള്‍ കൂടുതലുള്ള എബി വിഭാഗങ്ങളിലേക്ക് മാറും. ബസ് സര്‍വീസടക്കം അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.

കടകള്‍ തുറക്കുന്നതിന് സമയം നീട്ടി നല്‍കാനിടയുണ്ട്. നിലവില്‍ 7 മണി വരെ മാത്രം പ്രവര്‍ത്തിക്കാനനുമതി നല്‍കുന്നത് ഹോട്ടലുകളടക്കം കടയുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോയെന്നതും നിര്‍ണായകം. തട്ടുകളുടെ അനുമതിയും പ്രധാനം. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സാധ്യത.

എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണിത്. നിശ്ചിത സമയത്ത് നിശ്ചിത ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതാകും പരിഗണിക്കുക. എന്നാല്‍ തിയേറ്ററുകള്‍ ജിമ്മുകള്‍, മാളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കാനിടയില്ല. മൂന്നാം തരംഗ മുന്നറിയിപ്പ് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരുതലോടെ മാത്രമേ തീരുമാനമുണ്ടാകൂ. ഇളവുകള്‍ നല്‍കിയതിന്റെ ഫലം കണ്ടുതുടങ്ങാന്‍ ആഴ്ച്ചകളൈടുക്കും എന്നതിനാലാണ് ഇത്.