ജില്ലയിൽ നവജാതശിശു പരിചരണത്തിന് ഇനി ഐ.സി.യു ആംബുലൻസ്
കോഴിക്കോട്: ജില്ലയിൽ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കൽ കെയർ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലൻസ് പ്രവർത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ അറിയിച്ചു. ശരീരോഷ്മാവ്, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ എന്നിവ കുറഞ്ഞതോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അവസ്ഥകളിലുള്ളതോ ആയ ഐ.സി.യു. പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിയോ ക്രാഡിൽ പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. ആംബുലൻസിന്റെ ട്രയൽ റൺ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ പറഞ്ഞു. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാണ്. ആംബുലൻസിന്റെ സേവനത്തിനായി ആശുപത്രികൾക്ക് 9895430459 എന്ന നമ്പറിൽ ബന്ധപ്പെടാം. പദ്ധതിക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വെബ്‌സൈറ്റും മൊബൈൽ ആപ്പും തയ്യാറാക്കുന്നുമുണ്ട്.