മേപ്പയ്യൂർ ടൗണിലെ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം; കാരയാട് യോഗീകുളങ്ങര ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ മുളിയങ്ങൽ സ്വദേശി അറസ്റ്റിൽ


മേപ്പയ്യൂര്‍: കാരയാട് ശ്രീ യോഗീകുളങ്ങര ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയ ആളെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മുളിയങ്ങല്‍ സ്വദേശി സതീശന്‍ (32) ആണ് പിടിയിലായത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മേപ്പയൂര്‍ ടൗണിലെ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ് പ്രതി സതീശന്‍.

മെയ് എട്ടാം തിയ്യതി പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വാകയാട് നിന്നാണ് സതീശനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മേപ്പയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.വി. പ്രശോഭ്, എന്‍.കെ. ബാബു, എ.എസ്.ഐ എം. കുഞ്ഞമ്മദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഷ്റഫ് ചിറക്കര, ടി. കെ. അഖില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.