ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന്


ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) ചെയര്‍മാനായി സിപിഎമ്മിലെ മുഹമ്മദ് അഫ്സല്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലിലെ പതിമൂന്ന് അംഗങ്ങളുടെയും പിന്തുണയോടെ ഐക്യകണ്ഠേനയാണ് അഫ്സല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ അഫ്സല്‍ പൊമ്പായി സീറ്റില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായ സിപിഎം മത്സരിച്ച അഞ്ച് സീറ്റിലും വിജയം കൈവരിച്ചിരുന്നു.

ഡിഡിസിയുടെ വൈസ് ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സിലെ ഷാസിയ പൊസ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും നാഷണല്‍ കോണ്‍ഫറന്‍സിനാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കുല്‍ഗാം മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി വിജയികളെ അഭിനന്ദിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ ‘പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍’ രൂപീകരിച്ചത്. തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂബ് അബ്ദുള്ളയാണ് ചെയര്‍മാന്‍. സഖ്യത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയ കോണ്‍ഗ്രസിന് ഡിഡിസി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക