ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ ജില്ലയിൽ; വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഫെബ്രുവരി മൂന്നിന് ജില്ലയിലെത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ജാഥയുടെ ജില്ലയിലെ പര്യടനം. സേവാദൾ, വൈറ്റ് ഗാർഡ്, മോട്ടോർ ബൈക്കുകൾ എന്നിവയുടെ അകമ്പടിയോടെ ബുധനാഴ്ച വൈകീട്ട് നാലിന് അടിവാരത്ത് യാത്രയെ സ്വീകരിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

തുടർന്ന് ഓമശ്ശേരി വഴി തിരുവമ്പാടിയിലെത്തും. ആദ്യസ്വീകരണം വൈകീട്ട് 4.30-ന് തിരുവമ്പാടിയിലാണ്. താമരശ്ശേരിയിൽ രാത്രി ഏഴിന് നടക്കുന്ന സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനത്തിന് സമാപനമാകും.

വ്യാഴാഴ്ച രാവിലെ 10-ന് പേരാമ്പ്രയിലാണ് ആദ്യസ്വീകരണം. തുടർന്ന് നാദാപുരം മണ്ഡലത്തിലെ സ്വീകരണം 11-ന് തൊട്ടിൽപ്പാലത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവള്ളൂർ, മൂന്നിന് വടകര, നാലിന് കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പൂളാടിക്കുന്ന് വഴി പാവങ്ങാട്ടെത്തും. തുടർന്ന് വെസ്റ്റ്ഹിൽ-നടക്കാവ്-ക്രിസ്ത്യൻ കോളേജ് വഴി സി.എച്ച്. ഓവർ ബ്രിഡ്ജിലൂടെ വൈകീട്ട് അഞ്ചു മണിക്ക് കോഴിക്കോട് ബീച്ചിൽ പ്രവേശിക്കും.

വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കൊയിലാണ്ടിയിൽ നടക്കുന്ന സ്വീകരണ യോഗം കർണ്ണാടക പി.സി.സി പ്രസിഡന്റ് ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ, എം.കെ.മുനീർ, യു.രാജീവൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ സംസാരിക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക