ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു


കോഴിക്കോട്: മലയാളത്തിലെ മുന്‍നിര സിനിമകളില്‍ മുഖ്യസംവിധാന സഹായി ആയിരുന്ന ജയ്ന്‍ കൃഷ്ണ അന്തരിച്ചു. പി.ജയകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയ സ്തംഭനം മൂലമാണ് മരണം.. 38 വയസ്സായിരുന്നു. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ , അനില്‍ സി മേനോന്‍ , സുനില്‍ കാര്യാട്ടുകര , ജിബു ജേക്കബ് , രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ആയും ചീഫ് അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭരണസമിതി അംഗമാണ് . സിനിമാ താരങ്ങളായ ബിജു മേനോൻ, അജു വർ​ഗീസ് തുടങ്ങിയവർ ജയകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു.