ചിറ്റാരിക്കടവിൽ ഇനി സുഖയാത്ര


കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ പ്രവൃത്തി പൂർത്തിയായി. പാലത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചതോടെ പുതിയ സഞ്ചാര പഥം തുറന്ന സന്തോഷത്തിലാണ് നാട്ടുകാർ.

ഇതോടെ നടേരി മരുതൂര്‍, കാവുംവട്ടം, അണേല പ്രദേശങ്ങലിലുളളവര്‍ക്ക് ഉളളിയേരി പഞ്ചായത്തുമായി എളുപ്പം ബന്ധപ്പെടാവുന്ന പുതിയൊരു സഞ്ചാര മാര്‍ഗ്ഗമാണ് തുറന്നത്. പാലത്തിന്റെ ഉദ്ഘാടനം നടന്നില്ലെങ്കിലും നൂറ് കണക്കിന് വാഹനങ്ങളാണ് റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെ ദിവസവും കടന്ന് പോകുന്നത്. സമീപ റോഡിന്റെ ടാറിംങ്ങ് ഉള്‍പ്പടെയുളള പ്രവൃത്തികളും പൂര്‍ത്തിയായി. റോഡിന്റെ ഇരു ഭാഗത്തും ഇരുമ്പ് കൈവരികളും നിര്‍മ്മിച്ചിട്ടുണ്ട്. പെയിന്റിംങ്ങ് ഉള്‍പ്പടെയുളള ജോലികളും പൂര്‍ത്തിയായി.

കൊയിലാണ്ടി -ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. രാമന്‍ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ 20.18 കോടി രൂപ ചെലവില്‍ ജലസേചന വകുപ്പ് ആണ് ചീറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചത്. മലബാര്‍ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതിക്ക് തുക വകയിരുത്തിയത്. നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്.

ഏകദേശം അഞ്ച് വര്‍ഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി വേണ്ടിവന്നു. ചെറുതും വലുതുമായ 16 സ്പാനുകള്‍ പാലത്തിനുണ്ട്. ഇതിനിടയില്‍ 16 ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക 90 മീറ്ററാണ് പാലത്തിന്റെ മൊത്തം നീളം. വീതി 7.50 മീറ്ററും.

പാലം ഗതാഗത യോഗ്യമായാതോടെ അണേല, കാവുംവട്ടം, മരുതൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കന്നൂര് വഴി ബാലുശ്ശേരി ഭാഗത്തേക്ക് എളുപ്പം പോകാന്‍ കഴിയും. മാത്രവുമല്ല പഴയ കണയങ്കോട് പാലത്തിന് ഒരു ബദല്‍ മാര്‍ഗ്ഗവും ആവും. ചിറ്റാരിക്കടവ്-കന്നൂര് റോഡ് വികസിപ്പിക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. അതേ പോലെ മരുതൂര്‍ ചിറ്റാരിക്കടവ് റോഡ് പലയിടത്തും പൊട്ടി പൊളിഞ്ഞു കിടപ്പാണ്. ഇതും റീടാറിംങ്ങ് ചെയ്യണം.