ചരിത്രം വഴി മാറി, കേരളത്തിന് അധികാരത്തുടര്‍ച്ച; മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു
തിരുവനന്തപുരം: കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന പതിവുണ്ടായിരുന്നില്ല, ഓരോരുത്തരുടേയും അടുത്ത് കൈകൂപ്പി അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി കയറി,
കേരളത്തിന്റെ 23-ാം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലി കൊടുത്തു.
പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 140-ല്‍ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണമാണ് കരസ്ഥമാക്കിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരന്‍മാര്‍ ഒരുക്കിയ കലാവിരുന്നും ആശംസകളും കോര്‍ത്തിണക്കി സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. എ.ആര്‍.റഹ്‌മാന്‍, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍, കെ.എസ്.ചിത്ര, സുജാത,എംജി ശ്രീകുമാര്‍ തുടങ്ങിയ പ്രശസ്തരായ 52 കലാകാരന്‍മാര്‍ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.
കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിരുന്നു. അഞ്ഞൂറ് പേര്‍ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയുള്ളൂ. സത്യപ്രതിജ്ഞാച്ചടങ്ങ് സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. മതസാമൂഹിക രംഗത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
സിപിഐയിൽ നിന്ന് റെവന്യു മന്ത്രിയായി കെ.രാജൻ സഗൗരവ പ്രതിജ്ഞ ചെയ്തു. പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും ഇതിന് പിന്നാലെ അക്ഷരമാല ക്രമത്തിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.
റോഷി അഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ.കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിൽ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജു ഗതാഗത മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
അബ്ദുൾ റഹ്മാൻ സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ജി ആർ അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു. ധനകാര്യ മന്ത്രിയായി കെ.എൻ.ബാലഗോപാലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ആർ.ബിന്ദുവും, മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയായി ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
എക്സൈസ് മന്ത്രിയായി എം.വി ഗോവിന്ദനും, പൊതുമരാമത്ത് മന്ത്രിയായി മുഹമ്മദ് റിയാസും സഗൗരവത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പി പ്രസാദ് കൃഷി മന്ത്രിയായും, കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് പുതിയൊരു വിപ്ലവചരിത്രത്തിലേക്കാണ്. വെല്ലുവിളികള്‍ മാത്രം നിറഞ്ഞൊരു കാലത്ത് എന്ത് അത്ഭുതമാണ് ഇവര്‍ കാണിക്കാന്‍ പോകുന്നതെന്ന വലിയ കൗതുകത്തിനും ആരംഭമാവുകയാണ്