ചങ്ങരോത്ത് – മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടിപ്പുഴയിൽ നിർമ്മിക്കുന്ന തോട്ടത്താങ്കണ്ടി പാലത്തിന് ടെൻഡറായി


പേരാമ്പ്ര: തോട്ടത്താങ്കണ്ടിയിൽ കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ 9.20 കോടി ചെലവിൽ പാലംനിർമിക്കൻ ടെൻഡറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറെടുത്തത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലംനിർമിക്കുന്നത്. 103 മീറ്റർ നീളവും 11 മീറ്റർ വിതീയിലുമാണ് പാലം. 7.50 മീറ്റർ വീതിയിൽ ടാർ റോഡും ഇരുവശത്തും നടപ്പാതയുമുണ്ടാകും.

ഇരുഭാഗത്തും നൂറുമീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. പുഴയ്ക്ക് ഇരുഭാഗത്തുള്ളവരുടെയും ഏറെക്കാലത്തെ ആവശ്യത്തിനാണ് പാലം വരുന്നതോടെ പരിഹാരമാകുന്നത്.തോട്ടത്താംകണ്ടി കടവിനെയും മരുതോങ്കരയിലെ ചീനവേലിയെയും ബന്ധിപ്പിച്ചാണ് പാലംനിർമിക്കുക. പഴയകാലത്ത് ഇരുഭാഗത്തെയും ജനങ്ങൾ തോണിയിലൂടെ യാത്രചെയ്തിരുന്ന കടവാണിത്.

തോട്ടത്താംങ്കണ്ടി, കുന്നശ്ശേരി, തരിപ്പിലോട് മേഖലയിലുള്ളവർക്കെല്ലാം കുറ്റ്യാടിയിൽ എത്താതെ പാലംവഴി എളുപ്പത്തിൽ മരുതോങ്കര മേഖലയിലേക്ക് സഞ്ചരിക്കാനാകും. വർഷങ്ങൾക്ക്‌ മുമ്പുതന്നെ പാലത്തിനായി പ്രദേശത്തുകാരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. 2018-ൽ കുന്നശ്ശേരി ജി.എൽ.പി. സ്കൂളിൽ ജനകീയ കൺവെൻഷൻ നടന്നതോടെയാണ് പാലമെന്ന ആവശ്യം വീണ്ടും സജീവമായത്.

2019-ൽ പാലം നിർമിക്കാനായി ബജറ്റിൽ മൂന്നുകോടി വകയിരുത്തിയിരുന്നെങ്കിലും നിർമാണം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞവർഷമാണ് സ്ഥലത്ത് പാറ പരിശോധന നടത്തിയശേഷം വിശദമായ അടങ്കൽ തയ്യാറാക്കിയത്. ഈവർഷം ജനുവരിയിൽ ഭരണാനുമതിയും ലഭിച്ചു.