ചക്കിട്ടപാറയില്‍ കാട്ടുപന്നിയുടെ ആക്രമണം; പരിക്കേറ്റ ബിബിൻ ജോസിനു സാമ്പത്തിക സഹായം നല്‍കി പെരുവണ്ണാമൂഴി വനം ഉദ്യോഗസ്ഥർ


പേരാമ്പ്ര: കഴിഞ്ഞ ദിവസം ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് ചെമ്പനോട റോഡിൽ വെച്ച് പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആലംപാറ മേപ്പുറത്ത് ബിബിൻ ജോസിനു പ്രാഥമിക നീതി നടപ്പാക്കി പെരുവണ്ണാമൂഴി വനം ഉദ്യോഗസ്ഥർ. നിർധന കുടുംബത്തിൻ്റെ കഷ്ടതകൾ വാർത്തയിലൂടെ തിരിച്ചറിഞ്ഞു പെരുവണ്ണാമൂഴി ഡപ്യൂട്ടി റെയ്ഞ്ചർ കെ.ഷാജിവിൻ്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ വീട്ടിലെത്തി ബിബിനു 5000 രൂപ ധന സഹായം കൈമാറി. ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ ചെലവ് വേറെയും നൽകും. ബിബിനു നീതിയും സഹായവും നൽകണമെന്നു കഴിഞ്ഞ ദിവസം കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ചെമ്പനോടയിലെ മുൻ പഞ്ചായത്ത് മെമ്പറും കർഷക നേതാവുമായ സെമിലി സുനിൽ, കിഫ നേതാക്കളായ ജോർജ് കുംബ്ലാനി, മനോജ് കുംബ്ലാനി എന്നിവരും കുടുംബത്തിനു വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. തുക കൈമാറിയപ്പോൾ പൂഴിത്തോട് വാർഡ് മെമ്പർ സി.കെ ശശിയും സന്നിഹിതനായിരുന്നു.