കോവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന പാരസെറ്റമോള്‍ കുത്തിവെച്ചു; ഒരാള്‍ മരിച്ചു, നാല് പേര്‍ പിടിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ റെംഡിസിവര്‍ എന്ന പേരില്‍ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് കൊറോണ രോഗി മരിച്ചു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വ്യാജ മരുന്ന് കുത്തിവെച്ച നാലു പേര്‍ പിടിയിലായി. റെംഡിസിവര്‍ എന്ന പേരില്‍ മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയില്‍ ഇവര്‍ പാരസെറ്റാമോള്‍ നിറച്ച് കുത്തിവെപ്പ് നടത്തിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
ദിലീപ് ഗ്യാന്‍ ദേവ്, സന്ദീപ് സഞ്ജയ്, പ്രശാന്ത് സിദ്ധേശ്വര്‍, ശങ്കര്‍ ദാദാ എന്നിവരാണ് അറസ്റ്റിലായത്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദിലീപാണ് സംഘ തലവന്‍. ഇവര്‍ 35,000 രൂപ വരെ നേടിയെന്നാണ് പോലീസ് പറയുന്ന വിവരം. കുത്തിവെയ്ക്കപ്പെട്ട ഒരു രോഗി മരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നത്. അറസ്റ്റിലായ നാല് പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് ധവാന്‍ അറിയിച്ചു.