കോവിഡ് നിയന്ത്രണങ്ങള്‍: പരിഷ്‌കരിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു, കടകൾക്ക് ആഴ്ചയിൽ ആറ് ദിവസം രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം, വിശദാംശങ്ങള്‍ ചുവടെ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പരിഷ്‌കരിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍

  • സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന ഒരു പൊതുവായ നിര്‍ദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിക്കപ്പെടും.
  • രോഗ വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരും.
  • ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.
  • ഇന്നത്തെ പൊതു സാഹചര്യവും വാക്‌സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കാനാവും.
  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
  • ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ആള്‍ക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ എടുക്കണം. ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം.
  • കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ അനുവദിക്കാം. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും.
  • കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
  • വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കും. കിടപ്പ് രോഗികള്‍ക്ക് എല്ലാവര്‍ക്കും സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

(ചട്ടം 300 അനുസരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് ഇളവുകള്‍ സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍)