കോവിഡ് തീവ്രവ്യാപന മേഖലകളിൽ നിയന്ത്രണം കടുപ്പിക്കും; ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണത്തോടൊപ്പം ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന മേഖലകളിൽ ക്ലസ്റ്റർ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. വീടുകളിൽ കഴിയുന്ന രോഗികൾവഴി കൂടുതൽപേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള നടപടികളുമുണ്ടാകും.
ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം രോഗപ്പകർച്ച കാര്യമായി കുറയാത്ത സാഹചര്യത്തിൽ വിദഗ്ധസമിതിയോട് നിർദേശം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച് നൽകും.
രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ പ്രത്യേകം വേർതിരിച്ച് നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ഗുണം ചെയ്യുന്നില്ലെന്നും അശാസ്ത്രീയമാണെന്നും ഡോക്ടർമാരടക്കം ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുകണക്കിലെടുത്താകും നിയന്ത്രണങ്ങളിൽ പൊളിച്ചെഴുത്തുവേണമോ എന്ന് തീരുമാനിക്കുക.
അതേസമയം, ടി.പി.ആർ. പത്തുശതമാനത്തിനുമുകളിലുള്ള ജില്ലകളിൽ നിയന്ത്രണം കുടുപ്പിക്കണമെന്ന കേന്ദ്രനിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാനാവില്ല.
പരിശോധനകൾ വർധിപ്പിച്ചും ആൾക്കൂട്ടനിയന്ത്രണങ്ങൾ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിർദേശമാണ് ആരോഗ്യവിദഗ്ധർ മുന്നോട്ടുെവക്കുന്നത്. മൂന്നാംതരംഗത്തിന് മുന്നോടിയായി പരമാവധിപ്പേർക്ക് വാക്സിൻ നൽകണം. മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ സർവേപ്രകാരം സംസ്ഥാന ജനസംഖ്യയിൽ പകുതിയോളം പേർക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.
കൊറോണ വൈറസിന്റെ അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യവും കേരളത്തിലുണ്ട്. രണ്ടാംതരംഗം ശമിക്കുംമുമ്പ് മൂന്നാം തരംഗമുണ്ടായാൽ ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാനാവാത്തവിധം രോഗികളുടെ എണ്ണം കുതിച്ചുയരാനിടയുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് അടുത്തമൂന്നാഴ്ച നിർണായകമാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
678 തദ്ദേശസ്ഥാപനങ്ങളിൽ ടി.പി.ആർ. പത്തിനുമുകളിൽ
നിലവിൽ 323 തദ്ദേശസ്ഥാപനങ്ങൾ കടുത്ത നിയന്ത്രണങ്ങളുള്ള ഡി വിഭാഗത്തിലാണ്. ടി.പി.ആർ. അടിസ്ഥാനത്തിൽ നിയന്ത്രണം തുടങ്ങിയ ജൂൺ 16-ന് ഇത് 23 തദ്ദേശസ്ഥാപനങ്ങൾ മാത്രമായിരുന്നു. 355 തദ്ദേശസ്ഥാപനങ്ങൾ ഇപ്പോൾ നേരിയ ഇളവുകളോടെ സി കാറ്റഗറിയിലും തുടരുന്നു. ഡി കാറ്റഗറിയിലും സി കാറ്റഗറിയിലുമായി ടി.പി.ആർ. പത്തുശതമാനത്തിന് മുകളിലുള്ള 678 തദ്ദേശസ്ഥാപനങ്ങളുണ്ട്. ടി.പി.ആർ. അഞ്ചിനും പത്തിനുമിടയിലുള്ള 294 തദ്ദേശസ്ഥാപനങ്ങൾ ബി കാറ്റഗറിയിലുമുണ്ട്. ടി.പി.ആർ. അഞ്ചിൽത്താഴെയുള്ള 62 തദ്ദേശസ്ഥാപനങ്ങളിൽമാത്രമാണ് എ കാറ്റഗറി ഇളവുകളുള്ളത്.