‘വാക്സിനേഷന് മുമ്പ് രക്തം നൽകാം’; പ്രത്യേക രക്തദാന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ
കോഴിക്കോട്: ‘വാക്സിനേഷനുമുമ്പ് രക്തം നല്‍കാം’ എന്ന ക്യാമ്പെയിനുമായി ഡിവൈഎഫ്ഐ. രാജ്യത്ത് 18 നും 45 നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനമായതോടെ രക്തബാങ്കുകളില്‍ രക്തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്കയിലാണ് ഡിവൈഎഫ്‌ഐ. ഇതിന് പരിഹാരമായാണ് ക്യാമ്പെയിനുമായെത്തിയത്.
വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിശ്ചിതകാലത്തേക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല എന്നത് കൊണ്ട് മുഴുവന്‍ ഡിവൈഎഫ്ഐ അംഗങ്ങളും വാക്സിനേഷന് മുമ്പ് രക്തം ദാനം ചെയ്യും എന്നാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രത്യേക രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പെയ്ന്‍, കോവിഡ് പ്രതിരോധസേന, മഴക്കാലപൂര്‍വ്വ ശുചീകണം തുടങ്ങിയവയാണ് ഡിവൈഎഫ്‌ഐ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആശയങ്ങള്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവണം എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പദ്ധതി ആവിഷ്‌കരിച്ചത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പ്രസിഡന്റ് എസ് സതീഷ് എന്നിവര്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയെ പദ്ധതികളെക്കുറിച്ച് വിശദമാക്കിയത്. കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ഡിവൈഎഫ്‌ഐ.
ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുന്ന മറ്റ് പരിപാടികള്‍ ഇവയൊക്കെ
* പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പയിന്‍
പ്ലാസ്മ ഡൊണേഷനായി ഡിവൈഎഫ്ഐ പ്രത്യേക വെബ്പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് വന്ന് ഭേദമായ യുവതി-യുവാക്കള്‍ മുന്നോട്ടുവരണം. സന്നദ്ധതയുള്ളവര്‍ക്ക് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പ്ലാസ്മ ഡൊണേഷനുള്ള സന്നദ്ധത യുവതി-യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്ലാസ്മ ദാനം ചെയ്യുന്നതിനുള്ള താല്‍പര്യം ഉയര്‍ത്താനും ഡിവൈഎഫ്ഐ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായ പ്രചരണം സംഘടിപ്പിക്കും.
* കോവിഡ് പ്രതിരോധ സേന
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുപ്രദേശങ്ങളില്‍ യുവജന വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി ഡിവൈഎഫ്ഐ കോവിഡ് പ്രതിരോധ സേന രൂപീകരിക്കും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിട്ടായിരിക്കും ഡിവൈഎഫ്ഐയുടെ വാര്‍ഡുതല പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നത്.