കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍


കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാൾ പിടിയിൽ. നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് വീട്ടിൽ ഷൈൻ ഷാജി (22) ആണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10.45 ഓടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് പാലാഴിയിൽ വെച്ച് ഇയാൾ പിടിയിലാവുന്നത്. എക്സൈസ് പാർട്ടിയെ വെട്ടിച്ച് കടത്താൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്.

കോവിഡ് കാലത്ത് ഫ്ളാറ്റുകളിൽ ഒതുങ്ങിക്കഴിയുന്ന യുവജന വിഭാഗത്തെയും കോഴിക്കോട് നിശാപാർട്ടി സംഘാടകരെയും ലക്ഷ്യംവെച്ച് ആലുവയിൽ നിന്നും കൊണ്ടുവന്നതാണ് ഇതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ എ.പ്രജിത്ത് എന്നിവരുടെ നേത്യത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.അബ്ദുൽ ഗഫൂർ, ടി.ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത്, അർജുൻ, വൈശാഖ്, എൻ .സുജിത്ത്, വി അശ്വിൻ, എക്സൈസ് ഡ്രൈവർ പി. സന്തോഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.