കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; യാത്രക്കാരനിൽനിന്ന് 35.97 ലക്ഷം പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കൊണ്ടുവന്ന 35 ലക്ഷം രൂപയാണ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശി ബബൂദ് സിങ്ങിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ചെന്നൈ മെയിലിലെ യാത്രക്കാരനായ അദ്ദേഹം മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്കെത്തിയതായിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ 35,97,000 രൂപയുമായി പിടികൂടിയത്. പണം മതിയായ രേഖയില്ലാത്തതായതിനാൽ ആദായനികുതി വകുപ്പിന് കൈമാറുമെന്ന് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് വ്യക്തമാക്കി.
ക്രൈം ഇന്റലിജൻസ് എസ്.ഐ.അപർണ അനിൽകുമാർ, എ.എസ്.ഐ കെ.സജു, കോൺസ്റ്റബിൾമാരായ ടി.പി.അബ്ദുൾ സത്താർ, ഒ.കെ.അജീഷ്, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്‌ഷൻ സ്ക്വാഡ് അംഗങ്ങളായ പി.കെ.രാമകൃഷ്ണൻ, പി.കെ.ഷെറി എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.