കോഴിക്കോട് മെഡിക്കൽ കോളേജിലെ പുതിയ ഓക്സിജൻ പ്ലാന്റ് ഉടൻ പൂർത്തിയാകും


കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ സംഭരണ പ്ലാന്റ് ഒരുങ്ങുന്നു. 13,000 കിലോ ലിറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവർത്തനമാണ് അന്തിമഘട്ടത്തിലെത്തിയത്. നിലവിൽ 13000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ഇവിടെയുണ്ട്. കോവിഡ് തീവ്രതയുടെ പശ്ചാത്തലത്തിൽ കലക്ടർ സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് 75 ലക്ഷം ചെലവുവരുന്ന ടാങ്ക് നൽകാൻ പി കെ സ്റ്റീൽസും നിർമാണ പ്രവർത്തനങ്ങൾ സൗജന്യമായി നിർവഹിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയും തയ്യാറായി.

കഴിഞ്ഞ ശനിയാഴ്ച നിർമാണ പ്രവർത്തനം ആരംഭിച്ചു. 30 ടൺ ഭാരമുള്ള ടാങ്ക് ഞായറാഴ്‌ച സാങ്കേതിക വിദഗ്‌ധരുടെ നേതൃത്വത്തിൽ സ്ഥാപിക്കും. നിലവിലെ സംഭരണ പ്ലാന്റിനു സമീപമാണ് നിർമാണ പ്രവർത്തനം. പൈപ്പ് വഴി ഓക്സിജൻ ഓരോ ബെഡ്ഡിലുമെത്തുന്ന കേന്ദ്രീകൃത വിതരണരീതിയാണ് സജ്ജീകരിച്ചത്. കോവിഡ് ആശുപത്രിയാക്കി മാറ്റിയ പുതിയ കാഷ്വാലിറ്റി കോംപ്ലക്സിലേക്കാണ് പുതിയത് ഉപയോഗപ്പെടുത്തുക. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സംഭരണ പ്ലാന്റ് കമീഷൻ ചെയ്യും.