കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് കോവിഡ് വാർഡുകൾകൂടി സജ്ജമാക്കി


കോഴിക്കോട്: കോവിഡ് രോഗവ്യാപനത്തിന്റെ തോത് വർധിക്കുന്നത് കണക്കിലെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡുകളുടെ എണ്ണം കൂട്ടുന്നു. മൂന്നും നാലും വാർഡുകളാണ് കോവിഡിനായി മാറ്റിയത്. കൂടാതെ ഒന്നും രണ്ടും വാർഡുകൾ അണുവിമുക്തമാക്കി ശുചീകരിച്ച് കോവിഡ് രോഗികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഒരു വാർഡിൽ 28 ഓളം കിടക്കകളാണ് ക്രമീകരിക്കുക.

രോഗികൾ വീണ്ടും കൂടുകയാണെങ്കിൽ നിർമാണം പൂർത്തിയായ പുതിയ ഒ.പി. കോംപ്ളക്സിലെ വാർഡുകൾ കൂടി കോവിഡ് രോഗികൾക്കായി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ പറഞ്ഞു. നിലവിൽ ഐ.സി.യു വാർഡുകളായ ഏഴ്, എട്ട്, കൂടാതെ അഞ്ച്, ആറ് വാർഡുകളിലുമായി 107 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 15 പേരാണ് ഐ.സി.യു വാർഡിലുള്ളത്.