കോഴിക്കോട് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസുകാര്‍ക്കുനേരെ ആക്രമണം; എലത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ എലത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞിപ്പാലത്തിനും ഇടയില്‍ വെച്ചാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന നടക്കാവ് സ്റ്റേഷനിലെ പോലീസുകാരെയാണ് ആക്രമിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ റോഡരികില്‍ കണ്ടതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയപ്പോഴാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നു പൊലീസുകാരെ ആക്രമിച്ചത്.
നടക്കാവ് സ്റ്റേഷനിലെ നവീന്‍, രതീഷ്, ഷിജിത്ത് എന്നീ പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. നവീന്റെ ചെവിക്ക് താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. പിടികൂടാനുള്ള ശ്രമത്തിനിടെ കാര്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് നിഗമനം. ഇക്കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. നഗരത്തിലെ സിസി ടിവികള്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവര്‍ പിടിയിലായത്. എലത്തൂരില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
Summary: Attack on policemen during night patrolling in Kozhikode