കോഴിക്കോട് നഗരത്തിൽ വൻ കള്ളപ്പണവേട്ട; പിടികൂടിയത് 35.93 ലക്ഷം രൂപ


കോഴിക്കോട്: നഗരത്തിലെ നാലിടങ്ങളിൽനിന്നായി പിടികൂടിയത് 35,93,400 രൂപയുടെ കള്ളപ്പണം. നടക്കാവ് പോലീസും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പണം പിടികൂടിയത്. പാലാഴിയിൽ കള്ളപ്പണവുമായെത്തിയ സംഘം പന്തീരാങ്കാവ് പോലീസിനെ കണ്ടതിനെത്തുടർന്ന് 16.5 ലക്ഷം അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. പന്തീരാങ്കാവ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദീപ്, കിരൺ, ജിബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നടക്കാവ് പോലീസ് മൂന്നിടങ്ങളിൽ നടത്തിയ വാഹനപരിശോധനയിലാണ് 19,43,400 രൂപയുടെ കള്ളപ്പണം പിടികൂടിയത്. പണവുമായെത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് മാനദണ്ഡംലംഘിച്ച് നഗരത്തിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

രാമനാട്ടുകരയിൽ നടന്ന വാഹനപരിശോധനയിൽ 11,25,700 രൂപയുമായി കുന്ദമംഗലം പിലാശ്ശേരി ചുണ്ടക്കുയിൽ അജ്മൽ റോഷ (23) നും വെസ്റ്റ് നടക്കാവിൽ നടന്ന പരിശോധനയിൽ 4,57,500 രൂപയുമായി സൗത്ത് കൊടുവള്ളി ഇടക്കണ്ടിയിൽ മുഹമ്മദ് ജിർഷാദും (24) അറസ്റ്റിലായി.

നടക്കാവ് വണ്ടിപ്പേട്ടയിൽ നടന്ന പരിശോധനയിലാണ് 3,60,200 രൂപയുമായി അന്നശ്ശേരി പുതുക്കുടി ബാസിത് (37) പിടിയിലായത്. ഇരുചക്രവാഹനത്തിന്റെ സീറ്റിനടിയിലും പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ചാണ് ഇവർ പണം കടത്താൻ ശ്രമിച്ചത്. ടൗൺ അസി.കമ്മിഷണർ എ.വി. ജോണിന്റെയും സ്പെഷ്യൽബ്രാഞ്ച് എ.സി.പി. എം.പി. മോഹനന്റെയും നിർദേശപ്രകാരമാണ് വാഹനപരിശോധന നടത്തിയത്. പരിശോധനയ്ക്ക് നടക്കാവ് എസ്.ഐ. എസ്.നിയാസ്, സി.പി.ഒ. മാരായ ബബിത്ത്, ശ്രീകാന്ത്, ശ്രീഹരി, അനിൽ എന്നിവർ നേതൃത്വംനൽകി.