കോഴിക്കോട് തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു


കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് ആണ് മരിച്ചത്. അമ്പത്തി എട്ട് വയസ്സായിരുന്നു.

അയല്‍വാസിയായ രജീഷ് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. രജീഷ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പൊലീസ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മോഹന്‍ദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.