കോഴിക്കോട് ജില്ലയിൽ റേഷന്‍ കടകൾ ഇന്ന് തുറക്കില്ല


കോഴിക്കോട്: ഉദ്യോഗസ്ഥരില്‍ നിന്നും അകാരണമായി ഉണ്ടാകുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടുമെന്നും കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇനിയും റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹാരിച്ചില്ലെങ്കില്‍ കടകള്‍ അനിശ്ചിതകാലം അടച്ചിടുന്നതിനെ പറ്റി ആലോചിക്കുമെന്നും മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ പരിശോധനയുടെ ഫലമായുണ്ടായ പീഡനങ്ങളെ തുടര്‍ന്ന് റേഷന്‍ കടയുടമയുടെ ലൈസന്‍സ് സസ്പെന്‍ന്റ് ചെയ്തിരുന്നു.

ഉടമയുടെ ഭാഗം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ ശിക്ഷാ നടപടിയെടുത്തതിനെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. ജീവിതമാര്‍ഗ്ഗം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇതുപോലെ നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രതിക്ഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി, സംസ്ഥാന കമ്മറ്റി അംഗം പി.അരവിന്ദന്‍, ജില്ലാ സെക്രട്ടറി എം.പി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.