കോഴിക്കോട് ജില്ലയില്‍ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കും; നിരീക്ഷണം ശക്തിപ്പെടുത്തും


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കാനും ഗാര്‍ഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

രോഗ ലക്ഷണമോ സമ്പര്‍ക്കമോ ഉള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍, മാര്‍ക്കറ്റുകളില്‍ ജോലിചെയ്യുന്നവര്‍, അതിഥി തൊഴിലാളികള്‍, ക്ലസ്റ്ററുകളില്‍ ഉള്ളവര്‍ തുടങ്ങിയവരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. സമ്പര്‍ക്ക പരിശോധന (കോണ്‍ട്രാക്ട് ട്രെയ്സിംഗ്) ഒരു രോഗിക്ക് പത്ത് പേര്‍ എന്ന അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കും.

ക്വാറന്റൈനില്‍ ഉള്ളവരുടെ പരിശോധന പോലീസും ആര്‍.ആര്‍.ടി.യും ശക്തമാക്കും. കോവിഡ് പോസിറ്റീവായ വ്യക്തികളില്‍ വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റണമെന്നും ജില്ലാ കലക്ടര്‍
ഡോ.എന്‍. തേജ് ലോഹിത് റെഡ്ഢി നിര്‍ദ്ദേശിച്ചു..

കണ്ടെയ്ന്‍മെന്റ് സോണുകളുടെ വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാരിക്കേഡുകള്‍ വെച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്നും ഉറപ്പു വരുത്തും. വാര്‍ഡുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജനമൈത്രി പോലീസിനെയോ സന്നദ്ധ സേനാംഗങ്ങളെയോ വിന്യസിക്കും. മാസ്സ് ടെസ്റ്റിംഗ് നടത്തുകയും വീടുകള്‍തോറുമുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തി രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് കോവിഡ് സ്‌പെഷല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.