കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സജീവമായിരുന്ന വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരോധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ സാംബശിവറാവു ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയൂഷ് നമ്പൂതിരി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എന്‍ റംല, എന്‍ എച്ച് എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍, ഡോ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.