കോഴിക്കോട് കോറണേഷൻ തീയേറ്റർ പൊളിക്കുന്നു; ഷോപ്പിങ് മാളും മൾട്ടിപ്ലക്സും നിർമ്മിക്കും



കോഴിക്കോട്: നഗരത്തിലെ പഴയകാല സിനിമാ തീയേറ്ററുകളിലൊന്നായ കോറണേഷന്‍ പൊളിച്ചു തുടങ്ങി. ഏഴു പതിറ്റാണ്ടിനോടടുത്ത് പ്രായമുള്ള നവീകരിച്ച കോറണേഷന്‍ തീയേറ്ററാണ് പുതുമോടിയിലുള്ള മള്‍ട്ടിപ്ലെക്‌സാക്കി മാറ്റുവാനായി കഴിഞ്ഞദിവസം പൊളിച്ചുതുടങ്ങിയത്. കേരളത്തിലെ ആദ്യ തീയേറ്ററായ തൃശൂര്‍ ജോസും കോഴിക്കോട്ടെ ആദ്യ തീയേറ്ററായ രാധയും വന്നശേഷം തുടങ്ങിയ കോറണേഷന്‍ മൂന്നു മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളുമടക്കമുള്ള മെഗാ കോംപ്ലക്‌സായി അടുത്തവര്‍ഷം അവസാനത്തോടെ നവീകരിച്ച് തുറന്നുകൊടുക്കും എന്നാണ് അറിയുന്നത്.

നിലവിലുള്ള കോറണേഷന്റെ ബാല്‍ക്കണി പൊളിച്ച് അവിടെ മൂന്നു മള്‍ട്ടിപ്ലെക്‌സുകളും താഴെ ഷോപ്പിംഗ് മാളുമാക്കി മാറ്റുകയാണ് ഉദ്ദേശ്യം. കോഴിക്കോട്ടെ രാധാ തീയേറ്റര്‍ പോലെ പഴയ രീതിയിലുള്ള കെട്ടിടത്തിലായിരുന്നു ഏതാനും വര്‍ഷം മുന്‍പ്‌വരെ കോറണേഷനും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് പുതുക്കി പണിയുകയായിരുന്നു.

കോഴിക്കോട്ടെ വലിയ തീയേറ്ററുകളിലൊന്നായ കോറണേഷന്‍ കൂടി ഇല്ലാതാകുന്നതോടെ, ആയിരത്തിനടുത്ത് കാണികളെ ഒരേ സമയത്ത് ഉള്‍ക്കൊള്ളുന്ന തീയേറ്ററുകള്‍ കോഴിക്കോട്ട് നിന്ന് അപ്രത്യക്ഷമാകുകയാണ്. റയില്‍വേസ്‌റ്റേഷനടുത്തെ അപ്‌സരയും മിഠായി തെരുവിലെ രാധയുമാണ് കൂടുതല്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണുവാന്‍ സൗകര്യമുള്ള നഗരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന മറ്റു തീയേറ്ററുകള്‍. തമിഴ് സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന ഗംഗാ തീയേറ്ററിലും അഞ്ഞൂറിലധികം സീറ്റുകളുണ്ട്. കെ എസ് എഫ് ഡി സി യുടെ കീഴിലുള്ള കൈരളിയും, ശ്രീയും നവീകരിച്ച് ഇതേപോലെ കൂടുതല്‍ മള്‍ട്ടിപ്ലെക്‌സുകളാക്കി മാറ്റിയെങ്കിലും കൊറോണ വിലക്കുള്ളതിനാല്‍ ഇതുവരെ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വന്‍കിട ഏജന്‍സികള്‍ കോറണേഷന്‍ തീയേറ്റര്‍ മള്‍ട്ടിപ്ലെക്‌സുകളാക്കി മാറ്റുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ ഉടമസ്ഥര്‍ സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ കോവിഡ് ഈ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിക്ക് ശേഷം വന്‍കിട തീയേറ്ററുകളിലേക്ക് എത്രത്തോളം കാണികളെത്തുമെന്ന ആശങ്കയില്‍ നിന്നാണ് ഇപ്പോള്‍ ഇവര്‍ ഇത്തരമൊരാശയത്തിലേക്ക് എത്തിയതെന്നാണറിയുന്നത്.

ധാരാളം തീയേറ്ററുകളുണ്ടായിരുന്ന കോഴിക്കോട്ടെ പല തീയേറ്ററുകളും കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടക്ക് പൂട്ടിപോകുകയായിരുന്നു. ഉടമസ്ഥരും നടത്തിപ്പുകാരും തമ്മിലുള്ള നിയമ പ്രശ്‌നങ്ങള്‍ കാരണം സംഘം, പുഷ്പ തീയേറ്ററുകളാണ് ആദ്യം പൂട്ടിയത്. ഇതില്‍ പുഷ്പ തീയേറ്റര്‍ പിന്നീട് പൊളിച്ചു. സംഘം തീയേറ്റര്‍ വീണ്ടും പുനര്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിക്കാത്തവിധം നാശത്തിന്റെ വക്കിലാണ്. എം എം അലി റോഡിലെ ഡേവിസണും ഏതാനും വര്‍ഷം മുന്‍പ് വില്‍പനയാകുകയും പിന്നീട് പൊളിച്ചുകളയുകയുമായിരുന്നു. മാവൂര്‍ റോഡിലെ ബ്ലൂഡയമണ്ട് തീയേറ്റര്‍ വലിയ ഷോപ്പിംഗ് മാളാക്കി മാറ്റിയെങ്കിലും പലവിധ സാങ്കേതിക കുരുക്കുകളാല്‍ ഇതുവരെ തുറക്കുവാന്‍ സാധിച്ചിട്ടില്ല.

സിനിമാപ്രദര്‍ശനശാലകള്‍ പൂര്‍ണമായും മള്‍ട്ടിപ്ലെക്‌സിനും സിനിമാ റിലീസിംഗ് പതുക്കെ ഓ ടി ടി പ്ലാറ്റ്‌ഫോമുകളിലേക്കും മാറിക്കൊണ്ടിരിക്കെ കേരളത്തിലെ സിനിമാചരിത്രത്തിന്റെ ഭാഗമായിരുന്ന മറ്റൊരു പാരമ്പര്യ തീയേറ്റര്‍ കൂടിയാണ് കോറണേഷന്‍ ഇല്ലാതാകുന്നതോടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക