കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ ദര്‍ശനം അകന്നു പോയി; പി.എം.സുരേഷ് ബാബു


കോഴിക്കോട്: രാഷ്ട്രീയ ദര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് പോയെന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി.എം.സുരേഷ് ബാബു. കേരളത്തില്‍ പരസ്പര ചര്‍ച്ചയോ പരസ്പര ആശയവിനിമയമോ പാര്‍ട്ടിയില്‍ നടക്കുന്നില്ല. ഇതൊക്കെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയും രേഖപ്പെടുത്തുകയും മാത്രമാണ് ചെയ്യുന്നത്.

പി.സി.ചാക്കോയുടെ സമീപനം പോലെയായിരിക്കും എന്‍സിപിയിലേക്കുള്ള കടന്നുവരവ്. 26ാം തിയതി നടക്കുന്ന കൂടിക്കാഴ്ചയിലായിരിക്കും തീരുമാനം.

ഇടതുമുന്നണി ആഗ്രഹിക്കുന്ന പക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാകുമെന്നും സുരേഷ് ബാബു പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ സുരേഷ് ബാബുവിനെ മാറ്റിയിരുന്നു. സുരേഷ് ബാബു പാര്‍ട്ടിയിലെത്തുന്നതില്‍ മന്ത്രി എ.കെശശീന്ദ്രന്‍ അടക്കമുള്ളവര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ട അഡ്വ.പി.എം.സുരേഷ് ബാബുവുമായി മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. സുരേഷ് ബാബുവിന്റെ വീട്ടിലെ കൂടിക്കാഴ്ച വികാരനിര്‍ഭരമായി. സുരേഷ് ബാബുവിനെ കെട്ടിപിടിച്ച ശശീന്ദ്രന്‍ പൊട്ടിക്കരഞ്ഞു.
എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് എ.കെ ശശീന്ദ്രന്‍ സുരേഷ് ബാബുവിന്റെ വീട്ടിലെത്തിയത്. കൂടാതെ, എലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് സുരേഷ് ബാബുവിനെ ക്ഷണിക്കുകയും ചെയ്തു.